സെൽഫിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ ഗ്രാമം…

സെൽഫിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ഗ്രാമം.. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നിയേക്കാം. കാരണം സെൽഫി എന്നത് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ്. ദിവസവും സെൽഫി ചിത്രങ്ങൾ പകർത്തുന്നവരും, എല്ലാ യാത്രയുടെയും തെളിവുകളായി സെൽഫികൾ എടുത്ത് സൂക്ഷിക്കുന്നവരുടേയുമൊക്കെ നാടാണ് ഇപ്പോൾ നമ്മുടെ രാജ്യം. അക്കാലത്ത് സെൽഫിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ഒരു ഗ്രാമം എന്ന് കേൾക്കുമ്പോൾ ചെറുതല്ല വലിയ അത്ഭുതം തന്നെ തോന്നിയേക്കാം. എന്നാൽ അങ്ങനെയൊരു ഗ്രാമമുണ്ട് ഗുജറാത്തിലെ ഡാങ് ജില്ലയിൽ.

വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ഇടങ്ങളിൽ ഒന്നാണ് ഡാങ്. അടുത്തിടെയാണ് ഇവിടെ സെൽഫി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ജൂൺ 23 ന് പുറത്തിറക്കിയ പൊതു വിജ്ഞാപന പ്രകാരം അപകടങ്ങൾ തടയുന്നതിനായാണ് ജില്ലാ ഭരണകൂടം സെൽഫി എടുക്കുന്നത് നിരോധിച്ചത്. പ്രത്യേകിച്ച് വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ഇടങ്ങളിലാണ് സെൽഫിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also  വർഷങ്ങൾക്ക് മുമ്പ് വിറ്റ കാർ 'പൊന്നുംവില'കൊടുത്ത്​ ഉപ്പാക്ക്​ പിറന്നാൾ സമ്മാനമായി നൽകി​ മകൻ

ചിത്രങ്ങൾ പകർത്തുന്നതിനയായി ഏതറ്റം വരെയും പോകുന്നവരെ നാം കാണാറുണ്ട്. ഇത്തരത്തിൽ അശ്രദ്ധമായി സാഹസിക സെൽഫികൾ എടുക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. ഇങ്ങനെയുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഡാങ് ജില്ലയിൽ സെൽഫി നിരോധിച്ചിരിക്കുന്നത്. എന്നാൽ ഉത്തരവ് ലംഘിച്ച് സെൽഫി പകർത്തുന്നവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 പ്രകാരം കേസെടുക്കാനും തീരുമാനമായിട്ടുണ്ട്. മഴക്കാലത്ത് കൂടുതലായി വിനോദസഞ്ചാരികൾ എത്തുന്ന ഇടംകൂടിയാണ് ഡാങ്.