ആശുപത്രി ദിനങ്ങളെക്കുറിച്ച് തമന്ന;’നന്ദി പറയാൻ വാക്കുകളില്ല നിങ്ങളോട്’

തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് രണ്ടാഴ്ച മുൻപാണ്. ആദ്യം ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്കും മാറിയിരുന്നു. രോഗബാധയെത്തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും ആരോഗ്യ സ്ഥിതി തിരികെയാക്കിത്തന്ന ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് തനിക്ക് വളരെയധികം നന്ദിയുള്ളതായും തമന്ന പറഞ്ഞു.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തമന്ന നന്ദി അറിയിച്ചത്. “കോണ്ടിനെന്റൽ ഹോസ്പിറ്റൽസിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് എനിക്ക് എത്രത്തോളം നന്ദി പറയാനുണ്ടെന്നത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. ഞാൻ തീർത്തും രോഗിയായിരുന്നു, ദുർബലയായിമാറിയിരുന്നു, ഭയപ്പെട്ടിരിക്കുകയായിരുന്നു, പക്ഷേ ഞാൻ സുഖകരമായിരിക്കണമെന്നും മികച്ച രീതിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും നിങ്ങൾ ഉറപ്പുവരുത്തി. ദയയും ആത്മാർത്ഥമായ കരുതലും ശ്രദ്ധയും എല്ലാം നല്ലതാക്കി മാറ്റി,” തമന്ന കുറിച്ചു.

ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്ന കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചി​കി​ത്സ​യിൽ പ്രവേശിച്ചിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവർ ടെസ്റ്റിന് വിധേയരാക്കിയിരുന്നുവെന്നും അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

നേരത്തേ ബോളിവുഡിൽ ഉൾപ്പെടെ നിരവധി സിനിമ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, അർജുൻ കപൂർ, മലൈക അറോറ എന്നിവർക്കും കോവിഡ് പോസിറ്റീവായിരുന്നു. തമിഴ് സിനിമ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Also  സൂപ്പർ ഹീറോ മുത്തശ്ശി;രാത്രിയിൽ അതിക്രമിച്ച് വീട്ടിൽ കയറിയ ആളെ അടിച്ച് വീഴിച്ച് മുത്തശ്ശി