നിഗൂഢതകളും അത്ഭുതങ്ങളും ഒളിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ ഗുഹ

പ്രകൃതി ഒരുക്കുന്ന നിരവധി വിസ്മയങ്ങൾ നാം കാണാറുണ്ട്..അത്തരത്തിൽ നിരവധി അത്ഭുതങ്ങളുമായി പ്രകൃതി ഒരുക്കിയ ഒന്നാണ് വിയറ്റ്നാമിലെ കാടിന് നടുവിലുള്ള ഹാങ്ങ് സൺ ദൂങ്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നാണ് ഹാങ്ങ് സൺ ദൂങ്. ഏകദേശം 40 നിലയുള്ള ഒരു കെട്ടിടത്തിനെക്കാളും വലിപ്പത്തിലാണ് ഈ ഗുഹ ഉള്ളത്. 200 മീറ്റർ ഉയരവും 175 മീറ്റർ വീതിയുമാണ് ഗുഹയ്ക്കുള്ളത്. 9.4 കിലോമീറ്ററാണ് ഗുഹയുടെ നീളം.

ഗുഹയ്ക്കുള്ളിൽ മനോഹരമായ മേഘങ്ങളും കാണപ്പെടുന്നുണ്ട്. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയാണ് ഈ മേഘങ്ങൾക്ക് കാരണം. കാഴ്ചയ്ക്ക് ഏറെ മനോഹരമാണെങ്കിലും ഗുഹയ്ക്കുള്ളിലെ കാഴ്ചകൾക്ക് ഈ മേഘങ്ങൾ മങ്ങൽ ഏൽപ്പിക്കാറുണ്ട്. നിരവധി മരങ്ങൾ നിറഞ്ഞ ഒരു വനവും ഈ ഗുഹയ്ക്ക് അകത്ത് ഉണ്ട്. അതിന് പുറമെ തടാകങ്ങളും മൃഗങ്ങളും ഒക്കെ നിറഞ്ഞ മനോഹരമായ ഒരിടമാണ് ഈ ഗുഹ. ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി നിരവധി വിനോദ സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്. വർഷത്തിൽ ആയിരം പേർക്ക് മാത്രമാണ് ഇവിടം സഞ്ചരിക്കാൻ അനുമതിയുള്ളത്.

Read Also  സ്ത്രീകൾക്ക് സമ്പൂർണ ശക്തിയുള്ള ലോകത്തിലെ ഏക ദ്വീപ്

അതേസമയം ഈ ഗുഹയിൽ മുൻപ് മനുഷ്യൻ ജീവിച്ചിരുന്നു എന്നതിന് തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. 2009 ൽ മാത്രമാണ് ഈ ഗുഹയെക്കുറിച്ച് ലോകം അറിയുന്നത്. ഇവിടേക്ക് എത്തപ്പെടാനുള്ള ബുദ്ധിമുട്ടാണ് അതുവരെ ഈ പ്രദേശത്തെക്കുറിച്ച് അധികമാരും അറിയാതിരിക്കാൻ കാരണം എന്നാണ് കരുതപ്പെടുന്നത്.