2500 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോൺ: മൊബൈൽ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ജിയോ

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ 5ജി സ്മാർട്ട്ഫോണുകൾ 5000 രൂപയിൽ താഴെ വിലയ്ക്ക് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. കമ്പനിയിലെ ഉന്നതരായ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് ടുഡെയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടക്കത്തിൽ 5000 രൂപയായിരിക്കുമെങ്കിലും പിന്നീട് ഇതിന്റെ വില പിന്നീട് 2500 രൂപ വരെ താഴാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വില താഴുന്നത് വിപണിയിലെ ഫോണിന്റെ സ്വീകാര്യത അടിസ്ഥാനമാക്കിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2ജി നെറ്റ്‌വവർക്കിലെ 200 മുതൽ 300 ദശലക്ഷം വരെ മൊബൈൽ ഫോൺ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗമാക്കാനാണ് റിലയൻസ് ജിയോയുടെ ശ്രമം. രാജ്യത്ത് ഇപ്പോൾ വിൽക്കുന്ന 5ജി സ്മാർട്ട്ഫോണുകൾക്ക് 27000 രൂപയാണ് വില. ഈ സമയത്താണ് വെറും അയ്യായിരം രൂപയ്ക്ക് ഫോൺ വിപണിയിൽ ഇറക്കാൻ ജിയോ ശ്രമിക്കുന്നത്.

ഇന്ത്യയെ 2ജി മുക്തമാക്കാനുള്ള പദ്ധതികളാണ് കമ്പനിയുടെ 43ാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ മുകേഷ് അംഹാനി അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യയിലെ 350 ദശലക്ഷം പേർ ഉപയോഗിക്കുന്നത് 2ജി ഫീച്ചർ ഫോണുകളാണ്. നിലവിൽ ഇന്ത്യയിൽ 5ജി സേവനങ്ങൾ ലഭ്യമല്ല. അതേസമയം റിലയൻസ് ജിയോ തങ്ങളുടെ 5ജി നെറ്റ്‌വർക് ശൃംഖല രാജ്യത്തെമ്പാടും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ടെലികോം മന്ത്രാലയത്തോട് 5ജി സ്മാർട്ട്ഫോണിന്റെ പരീക്ഷണത്തിനായി സ്പെക്ട്രം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ജിയോ അനുവാദം ചോദിച്ചിട്ടുണ്ട്.

Read Also  മണിക്കൂറില്‍ 25,​000 മൈല്‍ വേഗതയിൽ ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ