ആകാശത്ത് ഒരുക്കിയ അഞ്ചുനില ബ്രഹ്മാണ്ഡവീട്; വിസ്മയം ഈ കാഴ്ചകൾ

ആകാശത്ത് ഒരുക്കിയ വീട്’ എന്ന് കേൾക്കുമ്പോൾ ഹോളിവുഡ് ഫിക്‌ഷൻ ചലച്ചിത്രങ്ങളാവും മനസ്സിലേക്ക് എത്തുക. എന്നാൽ ന്യൂയോർക്കിലെ വൂൾവർത്ത് കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ഫിക്‌ഷൻ സിനിമകളിലെ വീടുകളേക്കാൾ വിസ്മയിപ്പിക്കുന്നതാണ്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്ന വൂൾവർത്തിന്റെ ഏറ്റവും മുകളിലെ അഞ്ചു നിലകളിലായാണ് ഈ വീട് ഒരുങ്ങിയിരിക്കുന്നത്.

ഭൂമിയിൽ നിന്നും 727 അടി ഉയരത്തിലാണ് ആഡംബര ബംഗ്ലാവ്. വൂൾവർത്ത് കെട്ടിടത്തിന്റെ ഏറ്റവും മുകൾ ഭാഗത്തുണ്ടായിരുന്ന ഒബ്സർവേറ്ററി ഡക്കാണ് അതിമനോഹരമായ ബംഗ്ലാവായി പുനർനിർമ്മിച്ചിരിക്കുന്നത്. ‘ ദ പിനക്കിൾ’ എന്നാണ് ഈ ആഡംബര ബംഗ്ലാവിന് പേര് നൽകിയിരിക്കുന്നത്. ബംഗ്ലാവിന്റെ താഴത്തെ നിലയിൽ നിന്നും മുകളിൽനിലയിലേക്ക് ഗോപുരത്തിന്റെ ആകൃതിയിലാണ് അഞ്ചു നിലകളും നിർമ്മിച്ചിരിക്കുന്നത്. 9680 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ ആകെ വിസ്തീർണ്ണം. ഇതിനുപുറമേ 408 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഒബ്സർവേറ്ററി ടെറസ്സും ഇവിടെയുണ്ട്.

125ൽ പരം ജനാലകളാണ് വീടിനുള്ളത്. ബംഗ്ലാവിന് മാത്രമായി ഒരു പ്രൈവറ്റ് എലവേറ്ററുമുണ്ട്. വിശ്രമ കേന്ദ്രം, വിനോദ കേന്ദ്രം, വൈൻ നിലവറ, 50 അടി വിസ്തീർണമുള്ള സ്വിമ്മിംഗ് പൂൾ, ജിം, സ്പാ എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് വൂൾവർത്ത് കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. കെട്ടിടങ്ങളുടെ രൂപകല്പനയിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഡേവിഡ് ഹോട്ട്സൺ എന്ന ആർക്കിടെക്റ്റാണ് പിനക്കിളിനു രൂപം നൽകിയിരിക്കുന്നത്.

ഏതാനും വർഷങ്ങൾക്കുമുൻപ് 110 മില്യൺ ഡോളറിന് (815 കോടി രുപ) ഈ അപൂർവ്വ ബംഗ്ലാവ് വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിരുന്നു. റിയൽഎസ്റ്റേറ്റ് വിപണി ഇടിഞ്ഞതോടെ ഇപ്പോൾ വില 79 മില്യൻ ഡോളറായി (585 കോടി രൂപ) ചുരുങ്ങിയിട്ടുണ്ട്. എന്നാൽ ബംഗ്ലാവിലെ ഇന്റീരിയർ വർക്കുകൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. വീട് വാങ്ങുന്ന വ്യക്തിക്ക് ഇഷ്ടാനുസരണം രൂപമാറ്റം മാറ്റം വരുത്താനുള്ള സൗകര്യം നൽകുക എന്ന ചിന്തയിലാണ് ഇന്റീരിയർ ജോലികൾ ചെയ്യാത്തത് എന്ന് നിർമ്മാതാക്കൾ പറയുന്നു.

Read Also  കൊറോണ വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ ഏഴ് മാസത്തിനിടെ മാച്ചു പിച്ചു തുറന്ന് കൊടുത്തത് ഒരേയൊരു സഞ്ചാരിയ്ക്ക് വേണ്ടി മാത്രം; കാരണമിതാണ്