മോഹന്‍ലാല്‍ സ്റ്റൈലില്‍ ഇതാ മഞ്ജു വാര്യര്‍

ദൃശ്യം 2’ന്‍റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്നതിന്‍റെ ഒരു വീഡിയോ ആഴ്ചകള്‍ക്കു മുന്‍പ് വൈറല്‍ ആയിരുന്നു. കാറിന്‍റെ ഡോര്‍ തുറന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ടുനീങ്ങുന്ന സ്ലോമോഷന്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മറ്റൊരു താരത്തിന്‍റെ സമാനരീതിയിലുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അവര്‍ അഭിനയിച്ച ചിത്രത്തിന്‍റെ അണിയറക്കാര്‍.

Read Also  40 തവണ പരാജയപ്പെട്ടിട്ടും പതറാതെ മുന്നോട്ട്; ഒടുവിൽ വിജയം, മാതൃകയാക്കണം അവധ് കിഷോറിനെ

മഞ്ജു വാര്യരുടെ ലൊക്കേഷന്‍ വീഡിയോയാണ് ഇത്തരത്തില്‍ പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റി’ന്‍റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. സ്വന്തം റേഞ്ച് റോവര്‍ വാഹനത്തില്‍ വന്നിറങ്ങുന്ന മഞ്ജു മാസ്‍കും സണ്‍ഗ്ലാസും ധരിച്ചാണ് പുറത്തേക്ക് ഇറങ്ങുന്നത്. ചിത്രം കഴിഞ്ഞ ദിവസം പാക്ക് അപ്പ് ആയിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം സെപ്റ്റംബര്‍ അവസാനമാണ് പുനരാരംഭിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ രംഗങ്ങളെല്ലാം കൊവിഡിന് മുന്‍പുള്ള ആദ്യ ഷെഡ്യൂളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും സ്ക്രീനില്‍ ഒരുമിച്ചെത്തുന്നതിന്‍റെ പേരില്‍ പ്രഖ്യാപന സമയത്തേ വാര്‍ത്താപ്രാധാന്യം നേടിയിരുന്ന സിനിമയാണിത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.