പകുതി വിലയ്ക്ക് ഐഫോൺ, വിറ്റുതീർന്നത് നിമിഷങ്ങൾക്കുള്ളിൽ

രാജ്യത്ത് വിവിധ ഓൺലൈൻ സ്റ്റോറുകളിലും ഇ–കൊമേഴ്സ് കമ്പനികളിലും സ്മാർട് ഫോണുകൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. ഒരുകാലത്ത് കേവലം ഓഫറുകൾ മാത്രം നൽകിയിരുന്ന ആപ്പിൾ പോലും ഇപ്പോൾ വലിയ ഇളവുകളാണ് നൽകുന്നത്. വിപണി പിടിച്ചെടുക്കാൻ പകുതി വിലയ്ക്ക് വരെയാണ് ഐഫോണുകൾ പോലും വിൽക്കുന്നത്.

ഐഫോൺ 11, എസ്ഇ 2020 എന്നിവ ഇന്ത്യയിലെ ഉത്സവ വിൽപ്പനയുടെ ആദ്യ ദിവസം തന്നെ നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീർന്നത് ആപ്പിളിനെ അദ്ഭുതപ്പെടുത്തി. ഒക്ടോബർ 17 ന് ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ ഉത്സവ ഓഫർ വിൽപ്പന തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഐഫോൺ 11 അപ്രത്യക്ഷമായി. ഉത്സവ സീസൺ ഓഫറുകളുടെ ഭാഗമായി ആപ്പിൾ ഐഫോൺ 11 ന്റെ പരിമിതമായ സ്റ്റോക്കിനൊപ്പം സൗജന്യ എയർപോഡുകളും നൽകിയിരുന്നു.

‘ബിഗ് ബില്യൺ ഡേ’ വിൽപ്പനയ്ക്കിടെ ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഐഫോണുകൾ അതിവേഗമാണ് വിറ്റുപോകുന്നത്. നേരത്തെ 39,900 വിലയുണ്ടായിരുന്ന ഐഫോൺ എസ്ഇ 2020 വൻ ഓഫറിലാണ് വിൽക്കുന്നത്.ഫ്ലിപ്കാർട്ട് ഓഫർ വിൽപ്പനയിലെ ആദ്യ ദിവസങ്ങളിൽ പകുതി വിലയ്ക്കാണ് ഐഫോൺ എസ്ഇ വിറ്റിരുന്നത്.

ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകളിലെ ഓഫറുകളും എക്സ്ചേഞ്ച് ഇളവുകളും ലഭിക്കുന്നുണ്ട്. ഇതോടെ പലർക്കും പുതിയ ഐഫോൺ എസ്ഇ 20,000 രൂപയ്ക്ക് വരെ വാങ്ങാനായി. അവതരിപ്പിക്കുമ്പോൾ 42,500 രൂപ വിലയുണ്ടായിരുന്ന ഐഫോൺ എസ്ഇ (64ജിബി സ്റ്റോറേജ്) ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത് 29,999 രൂപയ്ക്കാണ്. 29 ശതമാനം ഇളവാണ് നൽകുന്നത്. ഇതോടൊപ്പം തന്നെ 16,400 രൂപ വരെ എക്സ്ചേഞ്ച് ഇളവ് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് ഉപയോഗിച്ച് വാങ്ങുമ്പോൾ 1500 രൂപ കൂടുതൽ ഇളവ് ലഭിക്കും.

പുതിയ ഐഫോൺ 12 സീരീസ് പുറത്തിറങ്ങിയ ഉടൻ തന്നെ ആപ്പിൾ പഴയ ഐഫോൺ മോഡലുകളുടെ വില കുറച്ചിരുന്നു. ഈ ഉത്സവ സീസണിലും അടുത്ത കുറച്ച് മാസങ്ങളിലും ഇന്ത്യയിൽ ഓഫർ വിൽപ്പന തുടരുമെന്നാണ് ഐ‌ഡി‌സി ഇന്ത്യയുടെ റിസേർച്ച് ഡയറക്ടർ നവകേന്ദർ സിങ് അഭിപ്രായപ്പെട്ടത്. ഒക്ടോബർ 13 ന് പുതിയ ഐഫോൺ 12 സീരീസ് പുറത്തിറങ്ങിയതോടെ ആപ്പിളിന്റെ വിൽപ്പന വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

∙ ആപ്പിളിന്റെ ഐഫോണ്‍ 11+ എയര്‍പോഡ്‌സ് ഓഫര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു

ആപ്പിള്‍ ഇന്ത്യക്കാര്‍ക്കായി അവതരിപ്പിച്ച ദീപാവലി ഓഫറായിരുന്നു ഐഫോണ്‍ 11 ഒപ്പം എയര്‍പോഡ്‌സ് ഫ്രീയായി നല്‍കുക എന്നത്. 54,900 രൂപയ്ക്ക് ഐഫോണ്‍ 11ന്റെ തുടക്ക വേരിയന്റിനൊപ്പം 14,900 രൂപ വിലയുള്ള എയര്‍പോഡ്‌സ് 2 ഫ്രീയായി നല്‍കുകയായിരുന്നു ആപ്പിള്‍. ഇതെഴുതുന്ന സമയത്ത് ഈ മോഡല്‍ 47,999 രൂപയ്ക്ക് ആമസോണില്‍ നിന്നു വാങ്ങാം. എയര്‍പോഡ്‌സ് ഉണ്ടായിരിക്കില്ല. എച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചാല്‍ വില വീണ്ടും കുറയും. കൂടാതെ 16,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്.

Read Also  എട്ടടി നീളമുള്ള കൊമ്പുമായി കൂറ്റൻ കാള;ലോകത്തിലെ ഏറ്റവും നീളം കൂടിയ കൊമ്പുള്ള കാള