‘ഫ്രീയായി 3500 രൂപ ലഭിക്കും’-തട്ടിപ്പാണ് പ്രതികരിക്കരുത്

ഓൺലൈനായി സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഓൺലൈൻ സേവനങ്ങളുടെ പേരിൽ നിരവധി വ്യാജന്മാരും ഇറങ്ങുന്ന കാലമാണ്. ഇപ്പോഴിതാ പേ- ടിഎമ്മിന്റെ പേരിൽ വരുന്ന വ്യാജ മെസേജുകളും വ്യാജ വെബ്‌സൈറ്റുകളും പ്രചരിക്കുന്നതിനെക്കുറിച്ച് കേരള പൊലീസ് തന്നെ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേ- ടിഎമ്മിന്റെ പേരിൽ ഒരു വ്യാജ മെസേജ് പ്രചരിക്കുന്നുണ്ട്. തങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു 3500 രൂപ അയച്ചിട്ടുണ്ടെന്നും മെസേജിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുക കൈപ്പറ്റാനുമാണ് മെസേജ് വരുന്നത്.

അതേസമയം ഇങ്ങനെ വരുന്ന മെസേജുകൾ വ്യാജമെന്നും ഇതിൽ ക്ലിക്ക് ചെയ്യരുതെന്നുമാണ് കേരള പൊലീസ് അറിയിക്കുന്നത്. വിവിധ നമ്പറുകളിൽ നിന്നുമായി വരുന്ന ഈ മെസേജിന്റെ ഉറവിടം രാജസ്ഥാൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ കയറിയാൽ പ്രത്യക്ഷത്തിൽ ഇത് പേ- ടിഎമ്മിൽ കയറിയതുപോലെ തോന്നുമെങ്കിലും പിന്നീട് 3500 രൂപ ലഭിക്കാനായി ഉപഭോക്താവിന്റെ കൂടുതൽ വിവരങ്ങൾ നൽകേണ്ടി വരും. ഇത് ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും സൈബർ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അതിനാൽ ഇത്തരം മെസേജുകൾ കണ്ടാൽ പ്രതികരിക്കരുത് എന്നാണ് കേരള പൊലീസ് നൽകുന്ന നിർദ്ദേശം.

Read Also  അത്ഭുത കാഴ്ചയായി തൂങ്ങിക്കിടക്കുന്ന ക്ഷേത്രം