ഭൂമിയിലെ ഏറ്റവും വലിയ റഡാര്‍ സ്ഥാപിക്കാനൊരുങ്ങി ചൈന, ലക്ഷ്യം ജീവന് സുരക്ഷയൊരുക്കൽ

 

ഭൂമിയിലെ ഏറ്റവും വലിയ റഡാര്‍ സംവിധാനം സ്ഥാപിക്കാനൊരുങ്ങി ചൈന. ഭൂമിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാവാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയാണ് ലക്ഷ്യം. നിലവില്‍ അമേരിക്കക്ക് മാത്രമാണ് ഇത്തരം റഡാറുകളുള്ളത്.ചൈന 115 അടി വ്യാസമുള്ള റോഡിയോ ഡിഷുകള്‍ കാഷ്ഗര്‍, സിങ്ജിയാങ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. ഈ റഡാറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിക്ക് പുറത്തേക്ക് അയക്കുകയും ശൂന്യാകാശത്തെ വസ്തുക്കളില്‍ തട്ടി തിരിച്ചെത്തുന്ന സിഗ്നലുകളെ അടിസ്ഥാനമാക്കി ഉല്‍ക്കകളുടെ സാന്നിധ്യം തിരിച്ചറിയുകയുമാണ് ചെയ്യുക.

ചൈനയിലെ ജിയാമുസി, ബെയ്ജിങ്, ടിയാന്‍ജിങ്, ഷാങ്ഹായ്, കുന്‍മിങ് എന്നിവിടങ്ങളിലായിരിക്കും തിരിച്ചെത്തുന്ന സിഗ്നലുകളെ പിടിച്ചെടുക്കാന്‍ വേണ്ട സംവിധാനം ഒരുക്കുക. ഏതാണ്ട് 0.1 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് വരെയുള്ള അകലത്തിലെ വസ്തുക്കള്‍ ഇതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരമാണ് ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ്.

മനുഷ്യരാശിയോടുള്ള ചൈനയുടെ ഉത്തരവാദിത്വം എന്ന നിലയിലാണ് ഈ കൂറ്റന്‍ റഡാര്‍ പദ്ധതിയെ ചൈന അവതരിപ്പിക്കുന്നത്. ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള ഉല്‍ക്കകളെയും ഛിന്നഗ്രഹങ്ങളേയും തിരിച്ചറിയാന്‍ കഴിയുന്ന റഡാറുകള്‍ നിലവിലുള്ള ഏക രാജ്യം അമേരിക്കയാണ്. റഡാര്‍ യാഥാര്‍ഥ്യമാവുന്നതോടെ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാവുമെന്ന മുന്നറിയിപ്പ് നല്‍കാനുള്ള ശേഷി ഭാവിയില്‍ അമേരിക്കക്കൊപ്പം ചൈനക്കും കൈവരും.

അടുത്തിടെയാണ് അമേരിക്കയുടെ രണ്ട് പ്ലാനറ്ററി റഡാര്‍ സംവിധാനങ്ങളിലൊന്ന് കാലപ്പഴക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പ്യൂര്‍ട്ടോറിക്കയിലെ അരീസിബോ ഒബ്‌സര്‍വേറ്ററിയായിരുന്നു കാലപ്പഴക്കത്തെ തുടര്‍ന്ന് ഒരുഭാഗം തകര്‍ന്നതോടെ കഴിഞ്ഞ ഡിസംബറില്‍ അടച്ചുപൂട്ടിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന അരീസിബോ ഒബ്‌സര്‍വേറ്ററിയുടെ അറ്റകുറ്റ പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കുക പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു നടപടി.

Read Also  സുരേഷ് ഗോപിയുടെ 250ആം ചിത്രം; ‘ഒറ്റക്കൊമ്പൻ’ ടൈറ്റിൽ അവതരിപ്പിച്ച് 100 ചലച്ചിത്ര താരങ്ങൾ