ചാള്‍സ് രാജകുമാരന്‍ സമ്മാനിച്ച ഡയാന രാജകുമാരിയുടെ ആ കാറിന് ലഭിച്ചത് 53.48 ലക്ഷം രൂപ

വിവാഹ നിശ്ചയത്തിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ചാള്‍സ് രാജകുമാരന്‍ ഡയാന രാജകുമാരിക്ക് നല്‍കിയ ഒരു സമ്മാനമുണ്ട്. സുന്ദരമായ ഒരു കാര്‍. 1981 മോഡല്‍ ഫോഡ് എസ്‌കോര്‍ട്ട് ഘിയ. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ കാര്‍ ലേലത്തില്‍ പോയി. അതും ഭീമമായ ഒരു തുകയ്ക്ക്. ഈ മാസം 29 നാണ് റീമാന്‍ ഡാന്‍സി ലേലം സംഘടിപ്പിച്ചത്.

റോയല്‍റ്റി, ആന്റിക്‌സ് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ വില്‍പനയ്ക്ക് വെച്ചപ്പോള്‍ 52000 പൗണ്ട് ആണ് ഈ കാറിന് ലഭിച്ചത്. അതായത് ഏകദേശം 53.48 ലക്ഷം രൂപ. ഡയാന രാജകുമാരി ഉപയോഗിച്ചതുകൊണ്ടുതന്നെ ഈ കാറിന് പ്രത്യേകതകളും സവിശേഷതകളും ഏറെയാണ്.

Read Also  റോബോർഡ് വലിക്കുന്ന റിക്ഷ;ഭാവിയിലെ വാഹനമെന്ന് സോഷ്യൽ മീഡിയ

1981 മെയിലാണ് കാര്‍ ചാള്‍സ് രാജകുമാരന്‍ സമ്മാനിക്കുന്നത്. അതും രാജകീയ വിവാഹത്തിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്. 1982 ഓഗസ്റ്റ് വരെ ഈ കാര്‍ ഡയാന രാജകുമാരി ഉപയോഗിച്ചിട്ടുണ്ട്. ഈ വാഹനത്തില്‍ യാത്ര ചെയ്യുന്ന ഡയാന രാജകുമാരിയുടെ നിരവധി ചിത്രങ്ങളും മുന്‍പ് ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

മുന്‍ഭാഗത്ത് കാറിന്റെ ബോണറ്റിലായി വെള്ളിയില്‍ നിര്‍മിച്ച ഒരു തവളയുടെ രൂപവും ഉണ്ട്. ഡയാന രാജകുമാരി മരണപ്പെട്ടതിന് ശേഷം അതേ രജിസ്‌ട്രേഷനോടുകൂടി തന്നെ ഈ കാര്‍ സൂക്ഷിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് റീമാന്‍ ഡാന്‍സി കാര്‍ ലേലത്തില്‍ വെച്ചത്.