‘ഓട്ടോ ആംബുലന്‍സു’മായി രണ്ട് ഡ്രൈവര്‍മാര്‍; ആശ്വാസമായത് ഇരുനൂറിലധികം പേര്‍ക്ക്

Harish Karuvachery (left) and Mayil Ratheesh with their autorickshaws

ഓട്ടോ ഡ്രൈവർമാരായ ഹരീഷ് കരുവാച്ചേരിയും ചേടിറോഡ് മടിയൻവീട്ടിലെ എം. രതീഷും (രതീഷ് മയിൽ) ഇപ്പോൾ ഓടിക്കുന്നത് ആംബുലൻസ് ആണ്. 108 ആംബുലൻസ് അല്ല, ഓട്ടോറിക്ഷാ ആംബുലൻസ്.

കാസർകോട് ജില്ലയിൽ ആദ്യമായാണ് കോവിഡ് രോഗികളെ കൊണ്ടുപോകാൻ രണ്ട് ഓട്ടോഡ്രൈവർമാർ മുന്നിട്ടിറങ്ങുന്നത്. മൂന്നുമാസത്തോളമായി നടത്തുന്ന ഈ നിസ്വാർഥസേവനം ഇരുന്നൂറിലധികം രോഗികൾക്കാണ് ആശ്വാസമായത്. ഓട്ടോറിക്ഷയ്ക്ക് നിശ്ചയിച്ച നിരക്കിൽ കോവിഡ് രോഗികളെയും പരിശോധനയ്ക്കെത്തുന്നവരെയും ഇവർ കൊണ്ടുപോകുന്നു.

കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആംബുലൻസ് ആവശ്യത്തിന് ലഭിക്കാതായതോടെ ജില്ലാ കോവിഡ് സർവയലൻസ് നോഡൽ ഓഫീസർ ഡോ. വി. സുരേശനും നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദും ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് തീർഥങ്കരയും നടത്തിയ ചർച്ചയിലാണ് ഓട്ടോഡ്രൈവർമാരെ സമീപിച്ചാലോ എന്ന ആശയം മുന്നോട്ടു വന്നത്.

അങ്ങനെയായിരുന്നു രോഗികളെ എടുക്കാൻ ഹരീഷും രതീഷും മുന്നിട്ടിറങ്ങുന്നത്. ഇവർക്കുവേണ്ട മാസ്കും സാനിറ്റൈസറും ഓട്ടോ അണുനശീകരണം നടത്താനുള്ള മറ്റ് സാമഗ്രികളും താലൂക്ക് ആശുപത്രി അധികൃതർ സൗജന്യമായി നൽകുന്നുണ്ട്. നൂറുരൂപപോലും എടുക്കാനില്ലാത്ത കോവിഡ് രോഗികളായ പാവപ്പെട്ടവർക്ക് കൈത്താങ്ങാവുകയാണ് ഇവർ. രണ്ടുതവണ കോവിഡ് പരിശോധന നടത്തിയപ്പോഴും രണ്ടുപേരും നെഗറ്റീവായിരുന്നു.

ഭയം ആവശ്യമില്ലെന്നും ജാഗ്രതമതിയെന്നുമാണ് മറ്റ് ഓട്ടോഡ്രൈവർമാരോട് ഇവർക്ക് പറയാനുള്ളത്. ഹരീഷിന് പിൻതുണയുമായി കരുവാച്ചേരി നോർത്ത് റെസിഡന്റ്സ് അസോസിയേഷനും നീലേശ്വരം രാജാസ് 88-89 ഓർമച്ചെപ്പ് ബാച്ചുമുണ്ട്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ തരുന്ന പിന്തുണയാണ് ഞങ്ങളുടെ ഊർജമെന്ന് രതീഷും പറയുന്നു.

ഹരീഷിന്റെ ഭാര്യ ഷിനിയും മക്കളായ സ്നേഹയും ശ്രുതിയും രതീഷിന്റെ ഭാര്യ സവിതയും മക്കളായ രേവശ്രീയും ശ്രീദിയയും ഇവർക്ക് പൂർണ പിന്തുണനൽകുന്നു.

Read Also  ബജാജിന്റെ പൾസർ ശ്രേണിയിലെ കുഞ്ഞൻ പതിപ്പ് പൾസർ 125 പുതിയ ഭാവത്തിൽ അവതരിപ്പിച്ചു