അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെ, കിഴക്കൻ ലഡാക്കിൽ 16,000 അടി ഉയരത്തിൽ, തണുത്തുറഞ്ഞ കാലാവസ്ഥയെ അതിജീവിച്ച് ജവാന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തി ആർമി ഡോക്ടർമാർ
ചികിത്സാ കേന്ദ്രത്തിലെ കിടങ്ങിൽ വച്ചായിരുന്നു ജവാന്റെ അപ്പൻഡിക്സ് ശസ്ത്രക്രിയ നടത്തിയത്
മൂന്ന് ആർമി ഡോക്ടർമാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.മോശം കാലാവസ്ഥ കാരണം കൂടുതൽ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് ജവാനെ മാറ്റാനായില്ല. തുടർന്ന് ഫീൽഡ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയ വിജയകരമാണെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആർമി വൃത്തങ്ങൾ അറിയിച്ചു.
ഉയർന്ന മേഖലകളിൽ വിജയകരമായി ശസ്ത്രക്രിയ നടത്തിയ അപൂർവം കേസുകളിൽ ഒന്നാണിത്. ഫീൽഡ് ആശുപത്രികൾ കാര്യക്ഷമമായതിനാലാണ് പ്രതികൂല സാഹചര്യങ്ങളിലും ഇത്തരം ചികിത്സകൾ നടത്താൻ സാധിച്ചതെന്ന് ആർമി വൃത്തങ്ങൾ പറയുന്നു