പന്ത്രണ്ടാം വയസ്സില്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടം സ്വന്തമാക്കി അഭിമന്യു

12 വയസ്സാണ് അഭിമന്യു മിശ്ര എന്ന മിടുക്കന്. എന്നാല്‍ ചെസ്സ് മത്സരത്തില്‍ ഈ പ്രായത്തെ പോലും വെല്ലും അഭിമന്യുവിന്റെ പ്രകടനങ്ങള്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പദവിയിലും ഈ കുട്ടിത്താരം എത്തിയിരിക്കുന്നു. യുഎസ്സിലാണ് മാതാപിതാക്കള്‍ക്കൊപ്പം അഭിമന്യുവിന്റെ താമസം.

എന്നാല്‍ ഇന്ത്യന്‍ വംശജനാണ് ഈ മിടുക്കന്‍ എന്നതും അഭിമാനകരമാണ്. ഭോപ്പാല്‍ സ്വദേശികളായ മിശ്ര-സ്വാതി ദമ്പതികളുടെ മകനാണ് അഭിമന്യു മിശ്ര. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ദമ്പതികള്‍ യുഎസ്സിലെത്തിയത്. യുഎസ്സിലെ ന്യൂ ജേഴ്‌സിയിലാണ് താമസം.

കഴിഞ്ഞ ദിവസം ഹംഗറിയിലെ ബുഡാംപെസ്റ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ മൂന്നാം ഗ്രാന്‍ഡ് മാസ്റ്റര്‍ നോം നേടിയതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന റെക്കോര്‍ഡ് അഭിമന്യുവിന്റെ പേരിലായത്. അഭിമന്യുവിന് 12 വര്‍ഷവും നാല് മാസവും 25 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം.

റഷ്യന്‍ താരം സെര്‍ജി കര്യാക്കിന്‍ 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്ച ചരിത്രം തിരുത്തിയാണ് അഭിമന്യു പുതിയ നേട്ടം കുറിച്ചത്. 2002 ഓഗസ്റ്റിലാണ് സെര്‍ജി കര്യാക്കിന്‍ റെക്കാര്‍ഡ് നേടിയത്. അന്ന് പന്ത്രണ്ട് വയസ്സും ഏഴ് മാസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

Read Also  ഗോൾ പോസ്റ്റിന് വല ഉണ്ടായത് എങ്ങനെയാണ്?