കോലി – ഡിവില്ലിയേഴ്‌സ് സഖ്യം ഐ.പി.എല്‍ ചരിത്രത്തിലെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി

ഐ.പി.എല്ലിൽ വർഷങ്ങളായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന താരങ്ങളാണ് വിരാട് കോലിയും എബി ഡിവില്ലിയേഴ്സും. നിരവധി തവണ മികച്ച ബാറ്റിങ് പ്രകടനങ്ങൾ കാണികൾക്കായി പുറത്തെടുത്ത ഇരുവരും കഴിഞ്ഞ ദിവസം ഒരു അപൂർ നേട്ടത്തിന് ഉടമകളായി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ തിങ്കളാഴ്ച നടന്ന മത്സരത്തിൽ മൂന്നാം വിക്കറ്റിൽ വെറും 46 പന്തിൽ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിൽ ഇരുവരുടെയും പത്താമത്തെ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഇത്. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളികളായ സഖ്യമെന്ന റെക്കോഡ് കോലി – ഡിവില്ലിയേഴ്സ് സഖ്യം സ്വന്തമാക്കി.

ബാംഗ്ലൂരിനായി കളിക്കുമ്പോൾ കോലി – ക്രിസ് ഗെയ്ൽ സഖ്യം ഒമ്പത് തവണ സെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളികളായിരുന്നു. ഈ റെക്കോഡാണ് പഴങ്കഥയായത്. മത്സരത്തിൽ വെറും 33 പന്തിൽ ആറു സിക്സറുകളും അഞ്ചു ഫോറുമടക്കം 73 റൺസോടെ ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നപ്പോൾ കോലി 28 പന്തിൽ നിന്ന് 33 റൺസെടുത്തു.

കഴിഞ്ഞ മത്സരത്തോടെ ഐ.പി.എല്ലിൽ കോലി – ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് 3000 റൺസും പിന്നിട്ടു. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോഡും കോലി – ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ പേരിലാണ്. 2016 സീസണിൽ ഗുജറാത്ത് ലയൺസിനെതിരേ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 229 റൺസാണ്. ആ മത്സരത്തിൽ ഇരുവരും സെഞ്ചുറി നേടുകയും ചെയ്തു.

Read Also  ഇതെന്ത് കഥയെന്ന് ആരാധകർ..! ഗൂഗിളിൽ സെർച്ച് ചെയ്‌താൽ അനുഷ്‌ക ശർമ്മ റാഷിദ് ഖാന്റെ ഭാര്യ..!